നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സംവാദം മാർച്ച് 20-ന് 12 മണിക്ക് ശനിയാഴ്ച സൂമിൽ നടക്കും. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്കും, കൂടാതെ രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കും ഒരേ വേദിയിൽ സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.

പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘മാധ്യമ സംഗമം 2021’ മുതിർന്ന മൂന്നു മാധ്യമ പ്രവർത്തകരായ ആർ.ശ്രീകണ്ഠൻ നായർ, എം.ജി. രാധാകൃഷ്ണൻ, എൻ.പി.ചന്ദ്രശേഖർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ‘ഇലക്ഷൻ ഡിബേറ്റി’നു വമ്പിച്ച പ്രതികരണം കിട്ടി കഴിഞ്ഞു. നിരവധി ആൾക്കാർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എൽ.എ (എൽ.ഡി.എഫ്), കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്), ബി.ജെ.പി മുൻ സ്റേറ് സെക്രട്ടറി ബി. രാധാകൃഷ്ണൻ (എൻ.ഡി.എ), എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.

ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കും. അതിനാൽ തീപാറുന്ന ചർച്ച പ്രതീക്ഷിക്കാം. ഈ ഇലക്ഷൻ ഡിബേറ്റിന്റെ മോഡറേറ്റർമാർ അമേരിക്കയിലെ പ്രമുഖരായ രണ്ടു മാധ്യമ പ്രവർത്തകർ സുനിൽ തൈമറ്റവും, ജിനേഷ് തമ്പിയുമാണ്.

അധികാരം നിലനിർത്താൻ ഇടതു മുന്നണിയും ഭരണം പിടിക്കാൻ യു.ഡി.എഫും. എല്ലാ അടവുകളും പയറ്റുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. അത് ഫലത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 35 സീറ്റിൽ ജയിച്ചാൽ തങ്ങൾ ഭരണം നടത്തുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.

ഇലക്ഷൻ അടുക്കും തോറും ചിത്രം മാറി മറിയുകയാണ്. കേരളത്തിൽ പ്രവചനങ്ങൾ അത്ര കണ്ട് ഫലിക്കാറില്ല. അതിനാൽ എല്ലാവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.

പങ്കെടുക്കുന്നവർക്കും ചോദ്യങ്ങൾ ചോദിക്കാം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക www.indiapressclubna.org/electiondebate.

കൂടുതൽ വിവരങ്ങൾക്ക് 9176621122