രാജു പള്ളത്ത്
ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം. സുനിൽ തൈമറ്റം – പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിയായി രാജു പള്ളത്ത് , ട്രഷറർ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ആയി ജോയി തുമ്പമൺ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ട്രൈസ്റ്റാർ ആണ് പ്രസിഡന്റ് എലെക്ട് .
പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ പ്രവർത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് . മലയാളി എക്സ്പ്രസ്സ്.കോം ചീഫ് എഡിറ്ററാണ് . ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി,നാഷണൽ ട്രഷറർ, ഫ്ലോറിഡ ചാപ്റ്റർ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോർത്ത് അമേരിക്കൻ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറും കൂടിയാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , നാഷണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ മീഡിയ എക്സ്സലൻസി അവാർഡ് മികച്ച പ്രൊഡ്യൂസർ എന്ന നിലയിൽ കരസ്ഥമാക്കിയിരുന്നു രാജു പള്ളത്ത്.
ട്രഷറർ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും , കോ-ഓർഡിനേറ്റിംങ് പ്രൊഡ്യൂസർ കൂടിയായ ഷീജോ പൗലോസ് ആണ്. കഴിഞ്ഞ ഭരണ സമിതിയിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്‌സി) ഗവണ്മെന്റിന്റെ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട് . 2017ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്‌നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.
വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുവാൻ നിയുക്തനായിരിക്കുന്നത് ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിഈഓ ആയ ബിജു സഖറിയായാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇന്ത്യ പ്രസ് ക്ലബ്ബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ് ടിവി തുടങ്ങിയ മറ്റു മുഖ്യാധാരാ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ പ്രസ് ക്ലബ് ടിവി പ്രൊഡകഷൻ വിഭാഗത്തിലെ മീഡിയ എക്സ്സലൻസി അവാർഡ് ജേതാവ് കൂടിയാണ്.
ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ട് കൈരളി ടിവി യുഎസ്എ യുടെ അവതാരകയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസ് വേദിയിൽ മികച്ച അവതാരകക്കുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു സുധ പ്ലാക്കാട്ട് .
ജോയിന്റ് ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമൺ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ഡയറക്ടർ ആണ് . എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ജോയി തുമ്പമണ്‍, വിവിധ സാംസ്കാരിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് . സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പ്രസിഡന്റ് എലെക്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനൽ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറൽ സെക്രട്ടറിയും ആയിരുന്നു.
ചിക്കാഗോയിൽ നടന്ന ഒൻപതാം അന്താരാഷ്‌ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനിൽ തൈമറ്റത്തിന് കൈമാറിയിരുന്നു.ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.
സംഘടന ഇതുവരെ നേടിയ മികവും യശസ്സും പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റവും ജനറൽ സെക്രട്ടറി രാജു പള്ളത്തും ട്രഷറർ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയും ,കേരളത്തിലും അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവർത്തകർക്ക് താങ്ങായി മുന്നോട്ടു പോകും .
Leave a Reply