പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.

പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം ഇനിയും എത്രയോ അകലെ. ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിൽ. 5 വയസ്സെത്തുംമുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും 50 ലക്ഷം. മരണകാരണമോ, മിക്കപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ. കുട്ടികളിൽ പകുതിപ്പേരും അടിസ്ഥാന എഴുത്തും വായനയും കണക്കുമറിയാതെ സ്കൂൾ പഠനമുപേക്ഷിക്കുന്നു. പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ.

സാമ്പത്തിക– രാഷ്ട്രീയ– സാമൂഹിക ചിന്തകരൊക്കെ കാലങ്ങളായി പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ യാഥാർഥ്യം തന്നെയാണ് യുഎസിൽ സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർക്കുമുന്നിലും തെളിഞ്ഞുനിന്നത്. പക്ഷേ അവർ തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയും അഥവാ ചെറിയ കൂട്ടത്തിന്റെയും പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗം അവർ ലോകത്തു പലയിടങ്ങളിലായി പരീക്ഷിച്ചുകാട്ടി. 20 വർഷമായി ഒറ്റയ്ക്കും കൂട്ടായും ഈ മൂന്നുപേർ സമൂഹത്തിലെ പല വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെടുത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നു.

പരീക്ഷണങ്ങൾ ആദ്യം വിദ്യാഭ്യാസമേഖലയിലായിരുന്നു. മൈക്കേൽ ക്രമർ ഗവേഷകസംഘത്തോടൊപ്പം ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി പഠനം നടത്തിയപ്പോൾ അഭിജിത്തും എസ്തേറും നയിച്ച സംഘം ഇന്ത്യയിലെത്തി (മുംബൈ, വഡോദര). പാഠപുസ്തകങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതോ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതോ പഠന നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നാണു വ്യക്തമായത്. എന്നാലോ, പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടുകളെ കൃത്യമായി കണ്ടെത്തി അവർക്കു പ്രത്യേക ട്യൂഷൻ നൽകിയപ്പോൾ സ്ഥിതി മാറി. സ്കൂളിന്റെ മൊത്തം നിലവാരം ഉയർന്നു. ഈ പ്രത്യേക ട്യൂഷൻ രീതിയുടെ ഗുണം പല പദ്ധതികളിലൂടെ ഇന്ത്യയിലിപ്പോൾ 50 ലക്ഷത്തിലേറെ വിദ്യാർഥികളിലെത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ രാജ്യങ്ങളിൽ ഇതേ രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നു. ഗവേഷണശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന രീതി ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടു. ഏതെങ്കിലും പദ്ധതിയോ നയമോ എങ്ങനെ സമൂഹത്തിൽ മാറ്റം വരുത്തുമെന്നു നേരിട്ടറിയാൻ ഈ പരീക്ഷണരീതി അനുയോജ്യമായി. ഓരോ പരീക്ഷണത്തിലും, തങ്ങളുടെ ഇടപെടൽ ഫലപ്രദമായോ എന്നു മാത്രമല്ല എന്തുകൊണ്ടു ഫലപ്രദ മായി(ല്ല) എന്നും ഗവേഷകർ വിശകലനം ചെയ്തു.

ഉദാഹരണത്തിന്, വിദ്യാഭ്യാസ പുരോഗതി എന്നത് ഓരോ രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും വ്യക്തിഗത തീരുമാനങ്ങളുടെ കൂടി ഫലമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിലാണല്ലോ മനസ്സിലാകുക. അധ്യാപകരുടെ ഉത്തരവാദിത്തക്കുറവും ജോലിക്കു ഹാജരാകാതിരിക്കലും ഇന്ത്യയിലെ നിരീക്ഷണവേളയിൽ ശാസ്ത്രജ്ഞർക്കു ബോധ്യപ്പെട്ടു. ജോലി ചെയ്യുന്നതിലെ മികവിന് അംഗീകാരം (ഇൻസന്റീവ്) കിട്ടുന്നു എന്നുറപ്പാക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടി. ഹ്രസ്വകാല കരാറിൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പ്രവർത്തനം മികച്ചതായാൽ

കരാർ പുതുക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഓരോ ടീച്ചറും കൈകാര്യം ചെയ്യേണ്ടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിൽ ഹ്രസ്വകാല കരാറുകാർ പഠിപ്പിച്ച കുട്ടികൾ ഗണ്യമായ പുരോഗതി കാഴ്ചവച്ചപ്പോൾ, സ്ഥിരം അധ്യാപകർക്ക് അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചിട്ടും വിദ്യാഭ്യാസ നിലവാരം ഉയർത്താനായില്ല. പഠിപ്പിച്ചില്ലെങ്കിലും ശമ്പളം കുറയുന്നില്ലല്ലോ.

അധികമായി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കാൾ വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടാക്കാൻ വേണ്ടത് വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പരിഷ്കാരങ്ങളാണെന്ന് നൊബേൽ സമ്മാനാർഹമായ പഠനങ്ങൾ തെളിയിക്കുന്നു. സ്കൂൾ ഭരണം മെച്ചപ്പെടുത്തുകയും അധ്യാപകർ ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്നതും വലിയ തോതിൽ ഗുണം ചെയ്യും.

ആരോഗ്യം, മൈക്രോഫിനാൻസ്, കൃഷി തുടങ്ങിയ രംഗങ്ങളിലും മൂവർ സംഘം സാമൂഹിക പരീക്ഷണങ്ങളിലൂടെ പുതിയ നിഗമനങ്ങളിലെത്തി. കുട്ടികൾക്കുള്ള വിരഗുളിക വിതരണം തുടങ്ങിയവ കഴിയുന്നത്ര സൗജന്യമാക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചത് ഇവരുടെ പഠനത്തിന്റെ വെളിച്ചത്തിലാണ്. ഈ രീതിയിൽ, വികസന സാമ്പത്തികശാസ്ത്രം (ഡവലപ്മെന്റ് ഇക്കണോമിക്സ്) എന്ന പഠനശാഖയെ വിവിധ രാജ്യാന്തര ഏജൻസികളുടെയും ഭരണകൂടങ്ങളുടെയും നയരൂപീകരണത്തിൽ എത്തിക്കാൻ ഇവരുടെ പരിശ്രമങ്ങൾക്കു കഴിഞ്ഞത് നൊബേൽ സമിതി എടുത്തുപറയുന്നു.