മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അതിക്രമങ്ങള്‍ നടക്കുന്ന എന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയില്‍ അടുത്ത ദിവസം സന്ദര്‍ശനം നടത്താനിരിക്കെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഇന്ത്യ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന നല്‍കുന്ന സംരക്ഷണം സംബന്ധിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും രാജ്യത്തെ മതേതര സ്വഭാവത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയില്‍ മുസ്ലീങ്ങളാണെന്നും രവീഷ് കുമാര്‍ യുഎസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ രീതിയില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ഗോ സംരക്ഷകരെ ചെറുക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. മുസ്ലീം മതാചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക അവരുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ കഴിയുന്നത് ഭയത്തോടെയാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ‌‌, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണം നേരിട്ട് ഒരു മാസത്തിന് ശേഷവും അലി നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബിബിസി റിപ്പോര്‍ട്ടര്‍ അലിയെ നേരില്‍ കണ്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ട ദിവസം സംഭവിച്ച കാര്യങ്ങള്‍ ഭീതിയോടെയാണ് അലി ഓര്‍ക്കുന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. വടി കൊണ്ട് തന്നെ അവര്‍ ആക്രമിച്ചതായും മുഖത്തടിച്ചതായും അലി പറഞ്ഞു. വര്‍ഷങ്ങളായി ചെറിയ ഫുഡ് കോര്‍ട്ടില്‍ അലിയും കുടുംബവും ബീഫ് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടില്ല. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ആസാമില്‍ ഇത് നിയമവിധേയമാണെന്നും അലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലിക്കെതിരായ ആക്രമണം മുസ്ലീം കമ്യൂണിറ്റിക്കെതിരായ ആക്രമണങ്ങളിലെ പുതിയ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.