യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകം ലംഘിച്ച് പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ പാകിസ്താന്റെ വഞ്ചന ഔദ്യോഗികമായി തുറന്നു പറഞ്ഞത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്-വിദേശകാര്യ സെക്രട്ടറി അറിയിച്ചു
ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർക്കിടയിൽ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടക്കുകയാണ്. ഈ ലംഘനങ്ങൾക്ക് സായുധ സേന ഉചിതമായ മറുപടി നൽകുന്നുണ്ട്. ഈ ലംഘനങ്ങളെ ഞങ്ങൾ വളരെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ലംഘനങ്ങളെ നേരിടാനും ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടി സാഹചര്യം കൈകാര്യം ചെയ്യാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും പാകിസ്താനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സായുധ സേന സാഹചര്യം ശക്തമായി നിരീക്ഷിച്ചുവരികയാണ്. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും അതിർത്തി ലംഘനങ്ങൾ ആവർത്തിക്കുന്ന ഏതൊരു സംഭവത്തെയും ശക്തമായി നേരിടാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്- വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയിൽ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് മോർട്ടാർ ഷെല്ലിങ്ങും ഡ്രോൺ ആക്രമണ ശ്രമങ്ങളും ഉണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഉധംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Leave a Reply