ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 50 കിലോമീറ്ററോളം കടന്നു ചെന്ന് നടത്തിയ ആക്രമണത്തില്‍ 1000 കിലോഗ്രാം ബോംബുകള്‍ വര്‍ഷിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഉപയോഗിച്ചത്. മൂന്ന് ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ശക്തമായ വെടിവെപ്പ് നടത്തുകയാണ്. ഇന്ത്യന്‍ സേനയും തിരിച്ചടിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പുണ്ടായിരുന്നു.
Leave a Reply