അമേരിക്ക-റഷ്യ ചർച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യ-യുക്രൈൻ സംഘർഷം തീരും എന്ന് പ്രതീക്ഷിക്കുന്നു. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്.
ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുമുള്ള ഉറപ്പും സാധ്യതയുമാണ് ഈ കൂടിക്കാഴ്ച നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
കൂടിക്കാഴ്ചയെ കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം എന്നാണ് ട്രംപ് പ്രതികരിച്ചത്.
2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം നടക്കുന്ന പുടിന്റെ ആദ്യ അമേരിക്കൻ യാത്രയാണിത്. ഉക്രേനിയൻ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായി പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ കാര്യമാണിതെന്നും എന്നാൽ മോസ്കോ സജീവമായി വിഷയത്തിൽ ഇടപെടുമെന്നും ക്രെംലിൻ കൂട്ടിച്ചേർത്തു.
Leave a Reply