ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി (EU) ഉടൻ ഒപ്പിടാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ ഇറക്കുമതിചെയ്യുന്ന കാറുകളിലെ തീരുവ വലിയ തോതിൽ കുറയ്ക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിൽ 70 മുതൽ 110 ശതമാനം വരെ ഈടാക്കുന്ന കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യൻ സർക്കാർ സമ്മതിച്ചിരിക്കുന്നതെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 15,000 യൂറോയ്ക്കു മുകളിലുള്ള വിലയുള്ള ചില ഇ.യു നിർമിത കാറുകൾക്കാണ് ആദ്യഘട്ടത്തിൽ ഇളവ് ബാധകമാകുക. ഈ തീരുവ പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കാനും ധാരണയായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ചർച്ചകൾക്ക് ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം കുറിയ്ക്കുമെന്നാണ് സൂചന. ‘മദർ ഓഫ് ഓൾ ഡീല്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഇരു വിഭാഗങ്ങൾക്കിടെയിലെ വ്യാപാരം വൻതോതിൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്ക ഉയർത്തിയ ഉയർന്ന തീരുവകൾ മൂലം തിരിച്ചടി നേരിട്ട വസ്ത്രം, ആഭരണം തുടങ്ങിയ ഇന്ത്യൻ കയറ്റുമതി മേഖലകൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കും. വർഷം ഏകദേശം രണ്ട് ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്ക് ഈ ഇളവ് അനുവദിക്കാനാണ് ഇന്ത്യയുടെ നിർദ്ദേശം.

ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ആദ്യ അഞ്ച് വർഷത്തേക്ക് തീരുവ ഇളവ് നൽകില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം. പിന്നീട് ഇ.വികൾക്കും സമാന ഇളവുകൾ ലഭിക്കും. തീരുവ കുറവ് വോൾക്സ്വാഗൺ, റെനോ, മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ലിയു തുടങ്ങിയ യൂറോപ്യൻ വാഹന നിർമാതാക്കൾക്ക് വലിയ നേട്ടമാകും. നിലവിൽ സുസുക്കിയും മഹീന്ദ്ര–ടാറ്റ കൂട്ടുകെട്ടും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ കാർ വിപണിയിൽ യൂറോപ്യൻ കമ്പനികളുടെ വിഹിതം നാല് ശതമാനത്തിൽ താഴെയാണ്. 2030ഓടെ വിപണി 60 ലക്ഷം വാഹനങ്ങളായി ഉയരുമെന്ന കണക്കുകൂട്ടലിനിടെ, യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.