ഇന്ത്യാ- യുഎസ് ഇടക്കാല വ്യാപാര കരാര്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ഒപ്പിടാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ വാഷിങ്ടണില്‍ നടക്കുകയാണ്. വ്യാപാര കരാര്‍ നടപ്പിലാക്കാന്‍ ജൂലൈ ഒമ്പത് വരെയാണ് ട്രംപ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് ഇടക്കാല കരാര്‍ കൊണ്ടുവരാനാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമം.

നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന യു.എസിന്റെ ആവശ്യത്തില്‍ തട്ടി ചര്‍ച്ചകള്‍ മുന്നോട്ടുപോകാനാകാതെ വന്നിരുന്നു. കര്‍ഷകരോഷമുണ്ടാകുമെന്ന് ഭയന്ന് ഇക്കാര്യത്തില്‍ നിന്ന് ഇന്ത്യ അകലം പാലിച്ചു.

ഇതിന് പുറമെ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലേക്കും ക്ഷീരോത്പന്ന മേഖലയിലേക്കും യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കരട് ഇടക്കാല കരാറില്‍ ഈ കാര്യങ്ങള്‍ ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഇതുവരെ മറ്റ് വ്യാപാര കരാറുകളില്‍ ക്ഷീരോത്പന്ന മേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ല. യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ അത് മറ്റ് രാജ്യങ്ങളുമായുള്ള ഭാവിയിലെ കരാറിനെയും ബാധിക്കാനിടയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാദരക്ഷകള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയും നികുതി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകളാണ് ഇവ. നിലവില്‍ ഭൂരിഭാഗം വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിച്ചുകഴിഞ്ഞതിനാലാണ് ഇടക്കാല കരാറിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം മറ്റുള്ള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയില്‍ തീരുമാനമെടുത്തേക്കും.

ജൂലൈ ഒമ്പതിന് ശേഷം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് എതിരെ പകരച്ചുങ്കം യു.എസ് ഏര്‍പ്പെടുത്താതിരിക്കുക എന്നതാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെവന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി, ഫാര്‍മ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമുണ്ടാകുക.