ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കരാറിന്റെ ഭാഗമായി ഇന്ത്യയ്‌ക്കുള്ള അമേരിക്കൻ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി അദ്ദേഹം പറഞ്ഞു. തീരുവ കുറച്ചതിൽ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചെങ്കിലും വ്യാപാരകരാർ അന്തിമമായതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തീരുവ ഇളവിന് പകരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഊർജം, സാങ്കേതികവിദ്യ, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അവകാശപ്പെട്ടു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിലും വെനസ്വേലയിലും നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ പൂർണമായി ഒഴിവാക്കാനും തീരുവയിതര നിയന്ത്രണങ്ങൾ പിൻവലിക്കാനും ഇന്ത്യ സന്നദ്ധമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരമാണ് ഈ വ്യാപാര ക്രമീകരണമെന്നുമാണ് ട്രംപിന്റെ വാദം. മോദിയെ മഹാനായ സുഹൃത്തും ശക്തനായ നേതാവുമെന്നു വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും പറഞ്ഞു.