ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരവേദി തിരുവനന്തപുരത്തേക്കു മാറ്റിയേക്കും. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരേ ഫുട്ബോൾ താരങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെ സർക്കാർ വിഷയത്തിൽ ഇടപെട്ടതാണ് തിരുവനന്തപുരത്തേക്കു മത്സരം മാറ്റുന്നതിനുള്ള സാധ്യതകൾ തുറന്നത്.
വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി കായികമന്ത്രി എ.സി.മൊയ്തീൻ ചർച്ച നടത്തി. കൊച്ചിയിലെ ഫുട്ബോൾ ടർഫിനു കോട്ടംവരുത്തുന്ന നടപടികളുണ്ടാവില്ലെന്നും ആവശ്യമെങ്കിൽ സർക്കാർ ഇടപെട്ട് മത്സരം തിരുവനന്തപുരത്തേക്കു മാറ്റാൻ നിർദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ തർക്കങ്ങൾ കൂടാതെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ താരം ഐ.എം.വിജയൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം ഇയാൻ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂർ എംപി, എഴുത്തുകാരൻ എൻ.എസ്.മാധവൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ഒരു ഫുട്ബോൾ മത്സരം മാത്രം നടത്താനായി കോൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഇയാൻ ഹ്യൂം ചോദിച്ചു.
Leave a Reply