കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കാന്റീൻ സ്റ്റോറുകൾ അടച്ചുപൂട്ടി ഇന്ത്യൻ ആർമി. പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഹോം ഡെലിവറി സംവിധാനത്തിൽ വീട്ടിൽ എത്തിക്കാൻ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ സൈനിക സ്ഥാപനങ്ങളും കന്റോൺമെന്റുകളും യൂണിറ്റുകളും നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നുവെന്നു സൈന്യം അറിയിച്ചു. അതുപോലെ തന്നെ ജോലിചെയ്യുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആർമി ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തടസ്സമില്ലാതെ തുടരണമെന്നും പ്രസ്താവനയിൽ പറയുന്നു.
കന്റോൺമെന്റുകളിലും സൈനിക സ്റ്റേഷനുകളിലും സൈന്യം നീക്കങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളായ മെഡിക്കൽ സ്ഥാപനങ്ങൾ, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, പോസ്റ്റോഫീസുകൾ, ശുചിത്വ സേവനങ്ങൾ എന്നിവ അനുവദനീയമാണെന്നും സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലും ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലും അവശ്യ വിഭാഗങ്ങളും ഓഫീസുകളും മാത്രമേ ദിവസേന പ്രവർത്തിക്കൂ എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സമ്മേളനങ്ങളും സെമിനാറുകളും മാറ്റിവയ്ക്കുമെന്നും പതിവ് മീറ്റിംഗുകളും മറ്റ് കൂട്ടായ്മകളും നിയന്ത്രണ വിധേയമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply