ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടു. ആഗസ്റ്റ് 31- നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിക്ക് പണി കിട്ടിയത്. നോട്ടിംഗ്ഹാമിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച്‌ വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത്, അദ്ദേഹത്തിന്റെ മോട്ടോർ ബൈക്കിൽ പാസ്‌പോർട്ട്, പണം, മറ്റ് രേഖകൾ എന്നിവയുൾപ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു.


നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.