വരും നൂറ്റാണ്ടുകളുടെ കറന്‍സിയാകാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ കോടീശ്വരന്‍മാര്‍. ഇന്ത്യയിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റികളായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൂടി 160 കോടിയോളം രൂപയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമാണ് ഉള്ളത്. ഡിജിറ്റല്‍ കറന്‍സി മാര്‍ക്കറ്റില്‍ അടുത്തയിടെ നടന്ന ചില ആരോഗ്യപരമായ തിരുത്തലുകളെ തുടര്‍ന്ന് നിക്ഷേപത്തിന്റെ മൂല്യത്തില്‍ അല്‍പം കുറവു വന്നിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക ലോകത്തെ നിയന്ത്രിക്കുന്ന പല പ്രമുഖരും ഡിജിറ്റല്‍ കറന്‍സി മാര്‍ക്കറ്റില്‍ സജീവമാണ്. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ ആദ്യം മനസിലാക്കിയവരുടെ കൂട്ടത്തിലാണ് ബച്ചന്‍ കുടുംബം. 2015ല്‍ തന്നെ ബച്ചന്‍ കുടുംംബം ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സിംഗപ്പൂര്‍ കമ്പനി മെറിഡിയന്‍ ടെക്കിലാണ് ബച്ചന്‍ കുടുംബം ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമായാണ് കമ്പനിയുടെ പ്രവര്‍ത്തന ശൈലി. ഈ കമ്പനിയെ ലോങ്ങ്ഫിന്‍ കോര്‍പ്പറേഷന്‍ അടുത്ത കാലത്ത് ഏറ്റെടുത്തിരുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളാണ് ലോങ്ങ്ഫിന്‍ കോര്‍പ്പറേഷനെ ഇതിനു പ്രേരിപ്പിച്ചത്. ഏറ്റെടുക്കലിന് ശേഷം ലോങ്ങ്ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ബച്ചന്‍ കുടുംബത്തിന് 2,50,000 ഷെയറുകളാണ് ഏറ്റെടുക്കലിന് ശേഷം ലോങ്ങ്ഫിന്‍ കോര്‍പ്പറേഷനില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം ലോങ്ങ്ഫിന്നിന്റെ ഒരു ഷെയറിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളര്‍ മൂല്യമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ 2015-ല്‍ ഒന്നരകോടി മാത്രം ബിറ്റ്‌കോമില്‍ നിക്ഷേപിച്ച ബച്ചന്‍ കുടുംബത്തിന്റെ നിക്ഷേപം വളര്‍ന്ന് 160 കോടി രൂപയോളമായി.
Leave a Reply