അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ദൗത്യം അനിശ്ചിതത്വത്തില്‍. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

എന്താണ് സംഭവിച്ചത്..?

അവസാന നിമിഷം വരെ വിജയകരമായിരുന്ന ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തിന് തിരിച്ചടി. ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ച് വരികയാണ്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു.

ഈ ഘട്ടവും വിജയകരമായിരുന്നു,. ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. ഇവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്.

ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ.

ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യംപകര്‍ന്നും ആശ്വാസമായും പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ശാസത്രജ്ഞര്‍ക്കൊപ്പമിരുന്നാണ് പ്രധാനമന്ത്രി നിരീക്ഷിച്ചത്. പ്രതീക്ഷ തുടരുന്നുവെന്നും ഐ.എസ്.ആര്‍.ഒയെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രി ഒന്‍പതരയോടെ പീനിയയിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് അന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററിലെത്തിയ പ്രധാനമന്ത്രിയെ ചെയര്‍മാന്‍ കെ.ശിവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സോഫ്റ്റ് ലാന്‍ഡിങ്ങിനെക്കുറിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വിക്രം ലാന്‍ഡര്‍ ഭ്രമണംപഥത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതു മുതലുള്ള ഓരോഘട്ടം വിജയമായപ്പോഴും അദ്ദേഹം ശാസ്ത്രജ്ഞരുടെ അഹ്ലാദ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.

ആരവങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് ലാന്‍ഡറില്‍നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയം നഷ്ടമായത്. ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ പുറത്തേക്കുപോയ പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം തിരിച്ചെത്തി. ധൈര്യമായിരിക്കാനും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളുമായി ആശയവിനിമയവും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. രാജ്യം ശാസ്ത്രജ്ഞരെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പിന്നാലെ ട്വീറ്റുമെത്തി.