ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്ന് ട്രോളുകൾ മാറിയിരിക്കുന്നു. ചുണ്ടിൽ ചിരി നിറയ്ക്കുന്ന ട്രോളുകൾ ചിന്തകൾക്കുകൂടി വഴിയൊരുക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുകയാണ് ട്രോളുകൾ. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത് അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇപ്പോൾ ‘ട്രെൻഡിങ് ‘ ആയി നിൽക്കുന്ന ഒരു ഫേസ്ബുക്ക് പേജ് ആണ് ക്രിസ്ത്യൻ ട്രോൾസ്. ഒരു ശരാശരി ക്രിസ്ത്യാനിയുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയാണ് ട്രോളുകൾ ഇറങ്ങുന്നത്. ഒരു വിശ്വാസിയുടെ മതവികാരത്തെ ഒട്ടും തന്നെ മുറിപ്പെടുത്താതെ ഇറങ്ങുന്ന ട്രോളുകൾ കണ്ട് ആസ്വദിക്കുന്നവർ ഇന്നേറെയാണ്.
നാട്ടിലും വിദേശത്തും പാർക്കുന്ന പല ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുടെ സൃഷ്ടിയാണ് ഈ പേജിൽ നിറയുന്ന ട്രോളുകൾ. ഹാസ്യ നടന്മാരെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കൊണ്ട് അവ ഒരു മലയാളി ക്രിസ്ത്യാനിയുടെ പച്ചയായ ജീവിതവുമായി ചേർത്ത് വെച്ച് അതിൽ ശുദ്ധനർമം കൂട്ടികലർത്തുന്നു. പല സഭകളും നേരിടുന്ന പ്രശ്നങ്ങളും ട്രോളുകളാക്കി മാറ്റുന്നു. ആരാധനാലയങ്ങളിൽ ശരിയല്ലാത്തത് നടക്കുമ്പോൾ ട്രോളുകൾ വഴി ഹാസ്യത്തിലൂടെ തന്നെ അതിനെ വിമർശിക്കാനും ആളുകൾക്ക് സാധിക്കുന്നു. അതിനുള്ള ഇടം കൂടിയാണ് ക്രിസ്ത്യൻ ട്രോൾസ് പേജ്.
ക്രിസ്ത്യൻസിൻെറ തനതായ പാരമ്പര്യങ്ങളെയും ചടങ്ങുകളെയും വിഷയമാക്കി കൊണ്ട് ഒരു ഗ്രുപ്പ് അല്ലെങ്കിൽ ട്രോൾ പേജ് എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. ഡിയോൺ ഡൊമനിക്കിന്റെ മനസ്സിലാണ് ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ആശയം മൊട്ടിട്ടത്. ക്രിസ്ത്യൻസിന്റെ കുർബാന, പ്രാർത്ഥനകൾ എന്നിവ തമാശ രൂപേണ ആളുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ ട്രോൾ ഗ്രൂപ്പിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഈ ഗ്രൂപ്പിന്റെ പ്രചരണത്തെ തുടർന്ന് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പത്രങ്ങളിലും ചാനലുകളിലും ക്രിസ്ത്യൻ ട്രോൾസിനെ കുറിച്ച് വാർത്ത വന്നിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം പേജിന്റെ അഡ്മിൻ, ഖത്തർ സ്വദേശി ഷൈൻ തോമസ് ആണ്. വിശ്വാസികളായ യുവജനങ്ങൾ തന്നെയാണ് ടീമിൽ ഉള്ളതെന്നും അവരുടെ പ്രധാന ലക്ഷ്യം വിശ്വാസസമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. “ഞങ്ങൾ വിവാദം ഉണ്ടാക്കുകയല്ല ; ഒരു ക്രിസ്ത്യാനിയുടെ ആചാരങ്ങളെയും ജീവിതരീതിയെയും തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.” ഷൈൻ പറയുന്നു.
ബൈബിൾ പഠനങ്ങൾക്കു വേണ്ടിയും ട്രോളുകൾ ഉണ്ടാക്കാറുണ്ടെന്ന് ഫേസ്ബുക് പേജ് അഡ്മിൻ ഡൊമിനിക് നെല്ലിക്കുന്നേൽ പറഞ്ഞു. ട്രോളുകൾ ഉണ്ടാക്കിയവർക്ക് ക്രെഡിറ്റ് കൊടുത്താണ് ഓരോ പോസ്റ്റും ഇടുന്നത്. ഒരു പ്രത്യേക വിഭാഗത്തെയോ സ്ഥാപനത്തെയോ വിമർശിച്ചുകൊണ്ട് ട്രോളുകൾ ഇറക്കാറില്ല. ക്രിസ്ത്യൻ ട്രോൾസ് എന്ന ഫേസ്ബുക് പേജിന് 1.2 ലക്ഷം ഫോളോവേർസ് ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 51000 ഫോളോവേഴ്സും. 1.74 ലക്ഷത്തിലധികം അംഗങ്ങളുമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ സമാഹരിച്ച ട്രോളുകൾ ജനപ്രീതിയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുകയും അഡ്മിൻമാരുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് ശേഷം അഡ്മിൻ പാനൽ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. അതുവഴി പുറത്തിറങ്ങുന്ന ട്രോളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറൽ ആയികൊണ്ടിരിക്കുന്നത്. ട്രോളുകൾ ആയുധമാവുന്ന ഈ കാലത്തിൽ വ്യത്യസ്തമായ രീതിയിലൂടെ ക്രിസ്ത്യാനികളെ ആകർഷിക്കുകയാണ് ഈ കൂട്ടായ്മ.
Leave a Reply