ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. കുടുംബ സംഗമത്തിനായി ആദ്യമായി യുഎഇയിലെത്തിയ ഗുജറാത്തിലെ ബറോഡയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്.
രോഹിണിബഹന്‍ പട്ടേല്‍ (42), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭായ് പട്ടേല്‍ (47) എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായ വിനോദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മദാമിലെ അല്‍ നസാവി റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിലെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 8നാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. രോഹിണിബഹനിന്റെ അർധ സഹോദരനായ ദീപക് പട്ടേല്‍ മറ്റൊരു വാഹനത്തിലായിരുന്നു ഡെസേര്‍ട്ട് സഫാരി നടത്തിയിരുന്നത്. ഇദ്ദേഹം സഫാരി കഴിഞ്ഞതിന് പിന്നാലെ ടൂര്‍ കമ്പനിയെ സമീപിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. 12 വര്‍ഷമായി പരസ്പരം കാണാതിരുന്ന കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇരുന്നപ്പോഴായിരുന്നു അപകടം വില്ലനായത്.
Leave a Reply