ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയാണ്. യുകെയിലും ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്.
കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ചർച്ചകൾ തുടരാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നിലവിൽ ലണ്ടനിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പല വിഷയങ്ങളിലും സമവാക്യം ഉണ്ടാക്കിയെടുത്ത് കരാറിന് അന്തിമരൂപം നൽകാൻ ഇതുവരെ ആയിട്ടില്ല.
ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്
Leave a Reply