ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാർക്ക്സ് & സ്പെൻസർ അടുത്തിടെ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സൈബർ ആക്രമണത്തിന് പ്രവേശന കവാടമായി പ്രവർത്തിച്ചോ എന്ന ആഭ്യന്തര അന്വേഷണം നടന്നു വരുന്നതായി ബിബിസി റിപ്പോർട്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം&എസ്സിന് സേവനങ്ങൾ നൽകി വരുന്ന ഇന്ത്യൻ കമ്പനിയാണ്. നേരത്തെ ഹാക്കർമാർ ഒരു മൂന്നാംകക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിച്ചതെന്ന് എം&എസ്സ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അന്വേഷണത്തെ കുറിച്ച് എം&എസും ടിസിഎസും ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.
വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച്, ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, മാസാവസാനത്തോടെ അന്വേഷണം പൂർത്തിയാകുമെന്നാണ് അന്വേഷണത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തത്. ഏപ്രിൽ അവസാനം മുതൽ, സൈബർ ആക്രമണം കാരണം ഉപഭോക്താക്കൾക്ക് മാർക്ക്സ് & സ്പെൻസർ വെബ്‌സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ ഓൺലൈൻ സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലൂം ജൂലൈ വരെ ചെറിയ തോതിലുള്ള തടസ്സങ്ങൾ നേരിടും.
സൈബർ ആക്രമണം ഈ വർഷത്തെ ലാഭത്തിൽ ഏകദേശം 300 മില്യൺ പൗണ്ടിൻെറ സാമ്പത്തിക ആഘാതം ഉണ്ടാക്കിയതായി എം&എസ് പറയുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം, സ്കാറ്റേർഡ് സ്പൈഡർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഹാക്കർമാരുടെ ഒരു സംഘത്തിൽ പോലീസ് അന്വേഷണം കേന്ദ്രികരിച്ചിട്ടുണ്ട്. കോ-ഓപ്പിലും ഹാരോഡ്‌സിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇതേ ഗ്രൂപ്പാണെന്നാണ് കരുതുന്നത്. എന്നാൽ ഇവരുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ടത് എം & എസ് ആണ്. ലോകമെമ്പാടുമായി 607,000-ത്തിലധികം ജീവനക്കാരുള്ള ഐടി കമ്പനിയാണ് ടിസിഎസ്. 2023-ൽ റീട്ടെയിൽ പാർട്ണർഷിപ്പ് ഓഫ് ദി ഇയർ അവാർഡ് നേടിയ ടിസിഎസിന് എം&എസ്സുമായി ദീർഘകാല പങ്കാളിത്തമുണ്ട്. കോ-ഓപ്പ്, ഈസിജെറ്റ്, നേഷൻവൈഡ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും കമ്പനിയുടെ ക്ലയന്റ് പട്ടികയിൽ ഉൾപ്പെടുന്നു.
Leave a Reply