വിമാനത്താവളം വിട്ട് പുറത്തേക്ക് ഇറങ്ങിയാൽ കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്ന് ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് മൂന്ന് മാസത്തോളം അനധികൃതമായി താമസിച്ച് ഇന്ത്യൻ വംശജൻ. ഒടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിത്യ സിങ് എന്ന 35 വയസ്സുകാരനെയാണ് ശനിയാഴ്ച യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 19ന് ലോസ് ആഞ്ജലിസിൽ നിന്നുവന്ന വിമാനത്തിലാണ് ആദിത്യ സിങ് ചിക്കാഗോയിലെത്തിയത്. അന്ന് മുതൽ അധികൃതരുടെ കണ്ണിൽപ്പെടാതെ വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ താമസിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പിടിയിലാകും വരെ ചിക്കാഗോ വിമാനത്താവള ടെർമിനൽ പരിസരത്ത് അധികൃതരുടെ ശ്രദ്ധിൽപ്പെടാതെ താമസിച്ചുവരികയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്ത ആദിത്യ സിങിന് എതിരെ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ കടന്നുകയറ്റം നടത്തിയതിനും മോഷണത്തിനും കേസ് ചാർജ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ മാസത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളിൽ നിന്ന് നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡ് ആണ് ആദിത്യ സിങിന്റെ പക്കലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരിൽ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് ഇയാൾ ജീവിച്ചത്. അതേസമയം ഇയാൾ എന്തിനാണ് ചിക്കാഗോയിൽ എത്തിയതെന്നും ആരാണ് ഇയാളെ എയർപോർട്ടിലെത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
ലോസ് ആഞ്ജലിസിലെ ഓറഞ്ച് കൗണ്ടിയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദിത്യ സിങ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിത്തിരുന്നു. ഇയാൾ ബിരുദധാരിയാണെന്നും തൊഴിൽ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യാത്തത് എന്നാണ് ആദിത്യ സിങ് കോടതിയിൽ പറഞ്ഞത്. ഇയാൾക്കെതിരെ 1000 ഡോളർ പിഴ ചുമത്തി. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Leave a Reply