ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആസന്നമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ടൂറിസ്റ്റ്, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം. ഈ നിര്‍ണായക ഘട്ടത്തില്‍ പൊതുജനങ്ങളും അധികാരികളും സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും ഐ.എം.എ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ പുറത്തുകടന്നു വരുന്നതേയുള്ളൂ. അതില്‍ രാഷ്ട്രീയ നേതൃത്വവും മെഡിക്കല്‍ സംഘവുമെടുത്ത പരിശ്രമങ്ങളില്‍ നന്ദിയുണ്ട്. ‘ഏതൊരു മഹാമാരിയുടെയും ചരിത്രം പരിശോധിച്ചാല്‍ മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണെന്ന് വ്യക്തമാണ്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളും സര്‍ക്കാരും വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ പല ഭാഗത്തും കാണുന്നു. ഇത് വരെ വേദനയുണ്ടാക്കുന്നു. -ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു.
വിനോദയാത്രകളും തീര്‍ഥാടന യാത്രകളും മതപരമായ ചടങ്ങളുകളുമെല്ലാം അനിവാര്യമാണ്. എന്നാല്‍ അതിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുകയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാതെ വന്‍തോതില്‍ തിക്കിതിരക്കുന്നതും മൂന്നാം തരംഗത്തിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് ഇടയാക്കും.
കഴിഞ്ഞ ഒന്നര വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍, സാര്‍വ്വത്രികമായ വാക്‌സിനേഷനും കോവിഡ് മാനദണ്ഡം പാലിക്കുന്നതും മൂന്നാം വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
Leave a Reply