ഈ അടുത്തകാലത്തായി  ലോകത്തിന്റെ പലയിടങ്ങളിലും അധികാരത്തിലെത്തുന്നത് യുവത്വം വിട്ടുമാറാത്തവരാണ്. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ 39കാരനായ ഇമാനുവല്‍ മാക്രോണ്‍ അധികാരത്തിലേറിയത് ഏറെ ചര്‍ച്ച ആയിരുന്നു. അതിന്റെ ചൂടാറും മുമ്പ് അയര്‍ലന്‍ഡിലും ഇതാ ഇപ്പോള്‍ ഒരു ആവര്‍ത്തനം. 39കാരനായ ഇന്ത്യന്‍ വംശജന്‍ ലിയോ വരഡ്കര്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ തയാറെടുക്കുന്നു.

മുംബൈയിലെ വരഡ്കറുടെ കുടുംബം അത്യന്തം അഹ്ലാദത്തിലായിരുന്നു തങ്ങുടെ ബന്ധും അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍. ഏറെ പ്രത്യേകതളുണ്ട് അയര്‍ലന്‍ഡിന്റെ ഈ യുവപ്രധാനമന്ത്രിക്ക്. അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയനായ സ്വവര്‍ഗ രതിക്കാരനായ രാഷ്ട്രീവ നേതാവായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. താന്‍ ഗേ ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ യാതൊരുവിധ മടിയുമില്ല ലിയോ വരഡ്കര്‍ക്ക്.

മുംബൈയില്‍ വേരുകള്‍

അശോകിന്റെ മിരിയത്തിന്റെയും മകനായി ഡുബ്ലിനില്‍ 1979ലാണ് ലിയോ ജനിച്ചത്. ലവ് എന്നാണ് സ്‌നേഹത്തോടെ കൂട്ടുകാരും വീട്ടുകാരും ലിയോയെ വിളിക്കുന്നത്. ചെമ്മീനും ഗുലാബ് ജാമും മുംബൈയിലെ പ്രശസ്തമായ പൊട്ടറ്റോ ചോപ്‌സും എല്ലാമാണ് ആള്‍ക്ക് പ്രിയം. മുംബൈയിലെ ജെജെ ഹോസ്പിറ്റലിനു കീഴിലുള്ള ഗ്രാന്റ് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് നേടിയ ശേഷം ഉന്നത പഠനത്തിനായി യുകെയിലേക്ക് പോയ വ്യക്തിയാണ് ലിയോയുടെ അച്ഛന്‍ അശോക്. തുടര്‍ന്ന് ഡുബ്ലിനില്‍ സ്ഥിരതാമസമാക്കുക ആയിരുന്നു.

ലിയോയും ഡോക്ടറാണ്. തന്റെ പരിശീലന കാലയളവില്‍ മുംബൈയിലെ കെഇഎം ഹോസ്പിറ്റലില്‍ ട്രെയിനീ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കക്ഷി. അതിനു ശേഷം അയര്‍ലന്‍ഡില്‍ തന്നെ. രാഷ്ട്രീയ കളികളില്‍ സജീവമായി. അവസാനം ഇന്ത്യ സന്ദര്‍ശിച്ചത് 2011ലാണ്, അയര്‍ലന്‍ഡിന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയെന്ന നിലയില്‍.

ലിയോയുടെ ലൈംഗിക താല്‍പ്പര്യങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ ക്രൂശിക്കുക ആണെന്നാണ് ബന്ധുക്കളുടെ പരാതി. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ലിയോയുടെ സ്വവര്‍ഗരതി അതിന്റെ ഭാഗമാണെന്നുമാണ് ബന്ധുക്കളുടെ നിലപാട്. അയര്‍ലന്‍ഡിലെ ആദ്യ ഗേ പ്രധാനമന്ത്രിയാണ് ലിയോ വരഡ്കര്‍.

ലിയോ സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യ-അയര്‍ലന്‍ഡ് ബന്ധം പുതിയ ഉയരങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈയിലെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍.