35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്‌കോട്‌ലന്‍ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ് ആണ് പ്രതി.

ഫെബ്രുവരി 1983 മുതല്‍ മെയ് 2018 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജനറല്‍ പ്രാക്ടീഷ്ണര്‍ ആയ ഇയാള്‍ ചികിത്സയ്ക്കിടെ സ്ത്രീകളെ ചുംബിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് കോടതി കണ്ടത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരോടെല്ലാം ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ച ചികിത്സാ രീതികളാണിതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.

നോര്‍ത്ത് ലാനാര്‍ക്‌ഷെയറിലെ മെഡിക്കല്‍ പ്രാക്ടീസിനിടെയാണ് ഇയാള്‍ക്കെതിരെ ആദ്യമായി ആരോപണമുയര്‍ന്നത്. ജോലി ചെയ്ത വിവിധ ആശുപത്രികളിലും രോഗികളുടെ വീട്ടിലും വെച്ച് വരെ കൃഷ്ണ സിങ് രോഗികളെ ദുരുപയോഗം ചെയ്തിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാളുടെ ചികിത്സയില്‍ സ്ഥിരമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ ആഞ്ചല കോടതിയെ അറിയിച്ചിരിക്കുന്നത്.

2018ല്‍ ഇയാളുടെ ചികിത്സയ്ക്ക് വിധേയയായ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തിയതോടെ 54 കേസുകള്‍ കൃഷ്ണയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ രംഗത്തെ സംഭാവനകള്‍ക്ക് റോയല്‍ മെംബര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചയാളാണ് കൃഷ്ണ സിങ്.