ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിന് ബ്രിട്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരനായ പീഡോഫൈലിനെ നാടുകടത്താൻ കഴിയില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും തന്നെ നാടുകടത്തുന്നത് തന്റെ മക്കൾക്ക് ദോഷമാണെന്നും ചൂണ്ടി കാണിച്ച് അയാൾ നൽകിയ പരാതിയിലാണ് ഈ വിധി എന്നാണ് പ്രാഥമിക നിഗമനം. 2021 ലാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഇയാൾക്ക് 3 കേസുകളിലായി 14 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇയാൾക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ നല്കപ്പെട്ടതുമാണ്. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്യണമെന്ന നിബന്ധനയും കോടതി ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ ഇദ്ദേഹം നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ മൂലം ഇദ്ദേഹത്തെ നാടുകടത്താനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങൾ പക്ഷേ ഫലം കാണാതെ വരികയാണ്. തന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമനുസരിച്ച് അയാൾ കോടതിയെ സമീപിച്ചു. അതിൽ അയാൾ വിജയം കാണുക തന്നെയാണ് ചെയ്തത്. എന്നാൽ പിന്നീട് ഉണ്ടായ അപ്പീലുകൾ മൂലം ഇപ്പോഴും ഒരു കേസ് നിലനിൽക്കുകയാണ്.

തികച്ചും ഭ്രാന്തമായ കേസാണ് ഇതെന്നും, ബ്രിട്ടൻ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ഇസിഎച്ച്ആർ) വിട്ടുപോകേണ്ടതിൻ്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ടോറി നേതാവായ റോബർട്ട് ജെൻറിക്ക് വ്യക്തമാക്കി. കൺവെൻഷൻ്റെ ആർട്ടിക്കിൾ 8 പ്രകാരം സ്വകാര്യവും കുടുംബവുമൊത്തുള്ള ജീവിതം എന്ന പ്രതിയുടെ അവകാശത്തെ നശിപ്പിക്കുമെന്ന വാദമാണ് അയാളുടെ അഭിഭാഷകർ കോടതിയിൽ ഉയർത്തിയത്. അതോടൊപ്പം തന്നെ ആജീവനാന്തകാലം മാധ്യമങ്ങൾക്കു മുൻപിൽ അജ്ഞാതനായിരിക്കാനുള്ള അവകാശവും അയാൾക്ക് സ്വന്തമായി.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് പ്രതിയുടെ കുട്ടികളെ വേർപ്പെടുത്തുന്നത് തെറ്റാണെന്ന കാരണത്താൽ ഇമിഗ്രേഷൻ ജഡ്ജി ജെറ്റ്‌സൺ ലെബാസ്‌സി അദ്ദേഹത്തിന്റെ അപ്പീൽ അനുവദിച്ചിരുന്നു. എന്നാൽ കോടതിയുടെ ഈ വിധിയ്ക്കെതിരെ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് വീണ്ടും അപ്പീൽ നൽകി. പ്രതിയുടെ അപ്പീൽ അനുവദിച്ച ജഡ്ജി കൃത്യമായ തെളിവുകൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് വിധി നടത്തിയത് എന്ന വാദം സർക്കാർ കോടതിയിൽ ഉന്നയിച്ചു. സർക്കാർ നൽകിയ പുതിയ അപ്പീലിൽ ഇനിയും വാദം തുടരുകയാണ്. എന്നാൽ തന്റെ നാടുകടത്തൽ നീട്ടുവാൻ പ്രതിക്ക് സാധിച്ചു എന്നത് ഇതിനകം തന്നെ വ്യക്തമാണ്.











Leave a Reply