ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിൽ എത്തി. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന സാമ്പത്തിക, രാഷ്ട്രീയ വിജയമായാണ് ഈ കരാറിനെ കാണുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറും ഏഷ്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറുമാണിത്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉത്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, കരാറിന് ഇപ്പോഴും രണ്ട് പാർലമെന്റുകളുടെയും അംഗീകാരം ആവശ്യമാണ്. ഇത് 2026 ഓടെ ലഭിക്കുമെന്നാണ് കരുതുന്നത്.
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. എന്നാൽ ഇതിന് ഒരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ നിലവില്‍ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.
Leave a Reply