ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികൾക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കുന്നു. പോലീസ് പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വൻ തുകയാണ് പിഴ അടയ്‌ക്കേണ്ടതായി വരുന്നത്. സ്റ്റഡി വിസ, പോസ്റ്റ് സ്റ്റഡി വിസ, വിവിധ വർക്ക് വിസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്ന് മടങ്ങാതെ ജോലി ചെയ്യുന്നവർക്ക് വേണ്ടിയായാണ് അന്വേഷണം നടത്തുന്നത്. ഇത്തരക്കാരിൽ ഭൂരിഭാഗം പേരും ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്ററന്റുകളിലും മറ്റുമാണ് ജോലി ചെയ്യുന്നത്.

ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മൂലം റസ്റ്ററന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങൾക്ക് മേൽ കണ്ണടയ്ക്കാറാണ് പതിവ്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ നടത്തുന്ന കടകളിലാണ് ഇത്തരം നിയമനങ്ങൾ കൂടുതലായി കാണുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത്തരം അനധികൃത തൊഴിലാളികളെ നിയമിച്ചതിൻെറ പേരിൽ പത്തോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് റിപ്പോർട്ടിൽ പറയുന്നു.

ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം ഡെവണിലെ രജപുത്ര ഇന്ത്യൻ റെസ്റ്റോറന്റിന് 80,000 പൗണ്ട് പിഴയാണ് ചുമത്തിയിട്ടുള്ളത്. ഗ്രേറ്റർ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെന്റിലെ ബാദ്ഷാ ഇന്ത്യൻ ക്യുസീൻ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെന്റിലെ തന്നെ കറി ലോഞ്ച് ഇന്ത്യൻ റസ്റ്ററന്റിന് 15,000 പൗണ്ട് പിഴ ചുമത്തി. ടെൽഫോർഡിലെ രാജ് ക്യുസിൻ, ബർമിങ്ഹാമിലെ അലിഷാൻ ടേക്ക്എവേ, സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ദേശി മൊമെന്റ്സ് കരാഹി ഹൗസ്, ഡെർബിഷെയറിലെ കാശ്മീർ ഹലാൽ മീറ്റ്സ്, ലെതർ ഹെഡിലെ കിർത്തോൺ ഇന്ത്യൻ റസ്റ്ററന്റ് എന്നിവയ്ക്ക് 10,000 പൗണ്ട് വീതമാണ് പിഴ ചുമത്തിയത്. എസക്‌സിലെ ഇന്ത്യൻ റസ്റ്റോറന്റുകളായ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുസ് കിച്ചണിന് 20,000 പൗണ്ട് പിഴയും ചുമത്തി.