ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ രണ്ട് മുൻനിര ഭക്ഷ്യ ഉത്പാദകരായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങളിൽ മാരകമായ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് അവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സംസ്‌കരണ-നിർമ്മാണ പ്ലാൻ്റുകളിൽ പരിശോധന ആരംഭിച്ചതായി സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ഇന്ത്യയിലെ പ്രധാന നിയന്ത്രണ ഏജൻസിയായ സ്‌പൈസസ് ബോർഡ് അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതികൾക്കും ബ്രിട്ടനിലെ ഫുഡ് വാച്ച് ഡോഗ് അധിക നിയന്ത്രണ നടപടികൾ ആരംഭിച്ചതായി ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി കഴിഞ്ഞ ബുധനാഴ്ച അറിയിച്ചു. യുകെ മാത്രമല്ല മറ്റു രാജ്യങ്ങളും സമാനമായ നീക്കങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്.
ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. അണുനാശിനിയായും കീടനാശിനിയായും പൊതുവെ ഉപയോഗിക്കുന്ന എഥിലീൻ ഓക്സൈഡ് അനുവദനീയമായ പരിധിക്കപ്പുറം അർബുദത്തിന് കാരണമാകും .
Leave a Reply