ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് യുകെയില്‍ വിലക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് മോണിറ്ററി വാച്ച്‌ഡോഗായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 5 മാസത്തേക്ക് വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ 896,100 പിഴ നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചകളില്‍ രണ്ടാമത്തേതാണ് കാനറ വരുത്തിയിരിക്കുന്നതെന്നാണ് മോണിറ്ററി ഹാബിറ്റ്‌സ് അതോറിറ്റി വിലയിരുത്തിയത്. 2012നും 2016നുമിടയിലാണ് ഈ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് എഫ്‌സിഎ ട്രേഡില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്. 2013ലാണ് എഫ്‌സിഎ ബാങ്കിന്റെ ആന്റി മണി ലോന്‍ഡറിംഗ് രീതികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയത്. ബിസിനസ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് 2015ല്‍ ഇക്കാര്യത്തില്‍ എഫ്‌സിഎ ബാങ്കിനെ ശകാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുകെയിലെ അഡ്മിനിസ്‌ട്രേറ്റീവ് സെന്ററിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജീവനക്കാരെ നിയമിക്കാറുള്ളത്. ഇങ്ങനെയെത്തിയവര്‍ക്ക് യുകെ, യൂറോപ്യന്‍ യൂണിയന്‍ മണി ലോന്‍ഡറിംഗ് നിയമങ്ങളേക്കുറിച്ച് കാര്യമായ ജ്ഞാനമില്ലെന്നും എഫ്‌സിഎ കണ്ടെത്തിയിരുന്നു.