ആഗോള വിപണികളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികയായ യുഎസിലെ മാന്ദ്യഭീതി അകന്നതോടെയാണ് വിപണികള്‍ നേട്ടം തിരികെപിടിച്ചത്.

വിപണി കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.15 ലക്ഷം കോടി ഉയര്‍ന്ന് 448.44 ലക്ഷം കോടിയിലെത്തി. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന് 80,117ലും നിഫ്റ്റി 274 പോയന്റ് നേട്ടത്തില്‍ 24,418ലുമെത്തി.

സെന്‍സെക്സ് ഓഹരികളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയും നേട്ടത്തിലാണ്. യുഎസിലെ ആശ്വാസം നേട്ടമാക്കി രാജ്യത്തെ ഐടി ഓഹരികള്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.