ന്യൂഡൽഹി ∙ വികസനവഴിയിൽ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹം 12 വരെ ഇവിടെയുണ്ടാകും. പ്രധാനമന്ത്രിയെന്ന നിലയിൽ ടേൺബുളിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകത്തിലെ സുപ്രധാന രാജ്യങ്ങളിലൊന്നിനെ സവിശേഷമായ വിധത്തിലാണ് വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മോദി നയിക്കുന്നതെന്ന് ടേൺബുള്‍ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ക്കിടയിൽ തന്നെ ഏറെ പ്രശംസ നേടിയതാണ് ഇന്ത്യയുടെ നേട്ടങ്ങൾ. ഇന്ത്യയുമായി കഴിയുന്നത്ര ചേർന്നു പ്രവർത്തിക്കാനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലുള്ള നിരവധി ആളുകൾ ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തരത്തിൽ ഒരുപാട് സമാനതകൾ പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽനിന്നു യുറേനിയവുമായി ആദ്യ കപ്പൽ വരുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശന വേളയിൽ തീരുമാനിക്കും.
Leave a Reply