ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ നാഴിക കല്ലായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ ) കണക്കാക്കുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പ്രശംസിച്ചിരുന്നു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ കരാർ നിലവിൽ വരുന്നതിനോട് ഇന്ത്യയിലെ ആഭ്യന്തര മദ്യ ഉദ്പാദകർ കടുത്ത ആശങ്കയിലാണ്. വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയുന്നത് ആഭ്യന്തര ഉദ്പാദകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. കരാർ പ്രകാരം, യുകെ നിർമ്മിത വിസ്‌കിക്കും ജിന്നിനുമുള്ള താരിഫ് തുടക്കത്തിൽ 150% ൽ നിന്ന് 75% ആയി കുറച്ചേക്കാം, ഒടുവിൽ പത്ത് വർഷത്തിനുള്ളിൽ 40% ആയി കുറയും. ഈ ഘട്ടം ഘട്ടമായുള്ള കുറവ് ബ്രിട്ടീഷ് ബ്രാൻഡുകൾക്ക് ഗണ്യമായി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


താരിഫ് കുറയുന്നതിന്റെ പ്രയോജനം കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കേരളത്തിൽ സർക്കാരിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം വരുന്നത് മദ്യ വിൽപനയിൽ നിന്നും ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് . വാറ്റും എക്സൈസ് ഡ്യൂട്ടിയും ഉൾപ്പെടെ 200 ശതമാനത്തിൽ കൂടുതലാണ് ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ സാധാരണ ഉപഭോക്താക്കൾ കേരളത്തിൽ നൽകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ വ്യാപാര കരാറിലെ നിബന്ധനകൾ നടപ്പിലാകുമ്പോൾ അത് കേരളത്തിലെ മദ്യ വിപണിയിൽ കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.