നാട്ടിലേക്ക് മടങ്ങാനാകാതെ നാല്‍പത്തിയഞ്ച് മലയാളികള്‍ ഇറ്റലിയിലെ ഫ്ലുമിച്ചിനോ വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ളവര്‍ 24 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നാല്‍പത്തിയഞ്ച് മലയാളികള്‍ ഫ്ലുമിചിനോ വിമാനത്താവളത്തിലെത്തിയത്. ഇവിടെയെത്തിയശേഷം മാത്രമാണ് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിപ്പ് ലഭിക്കുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞതോടെ കൈക്കുഞ്ഞുമായെത്തിവര്‍ പോലും കുടുങ്ങി.
കയ്യില്‍ കരുതിയിരിക്കുന്ന ലഘുഭക്ഷണങ്ങള്‍ കൂടി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവച്ചു. അതേസമയം, കോവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രിക്കും കത്തുനല്‍കി. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും പ്രതിപക്ഷം പിന്തുണച്ചു.
Leave a Reply