ലണ്ടൻ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി യുകെ. തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തിയവർക്കാണ് ഈ ഇളവ്. കോവിഷീൽഡിന് അംഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുകെ. ഇതേ തുടർന്ന് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും ക്വാറന്റൈൻ നിർബന്ധമാക്കി.
ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുകെ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കോവാക്സിൻ സ്വീകരിച്ച യാത്രക്കാർ തുടർന്നും ക്വാറന്റൈൻ പാലിക്കേണ്ടി വരും. യുകെയുമായുള്ള സഹകരണത്തിന് ഇന്ത്യൻ സർക്കാരിന് എല്ലിസ് നന്ദി പറഞ്ഞു. അതേസമയം 47 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ നിന്ന് യുകെ ഒഴിവാക്കി.
പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവ മാത്രമാണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് സഞ്ചാരികൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നു. സ്‌കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവർ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം ഏഴായി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള ബുക്കിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.
Leave a Reply