ഇന്ത്യ യുകെയ്ക്ക് വാഗ്ദാനം ചെയ്ത 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തിൽ പാരസെറ്റമോളിന് കയറ്റുമതി നിരോധനമേർപ്പെടുത്തിയിരുന്നു. എങ്കിലും ഇതിന് ശേഷവും ഈ സുപ്രധാന കയറ്റുമതിക്ക് അനുമതി നൽകിയതിന് യുകെ ഇന്ത്യയോട് നന്ദി പറഞ്ഞു.
ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകന്നുവെന്നതിന്റെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ‘കോവിഡ് 19 എന്ന ഭീഷണിക്കെതിരായി ഇന്ത്യയും യുകെയും ഒന്നിച്ചുപോരാടും. കയറ്റുമതിക്ക് അനുവാദം നൽകിയതിന് യുകെ സർക്കാരിന് വേണ്ടി ഞാൻ ഇന്ത്യയോട് നന്ദി അറിയിക്കുന്നു.’ താരിഖ് അഹമ്മദ് പറഞ്ഞു.
യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും, വിദേശകാര്യ മന്ത്രാലയവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് യുകെ സർക്കാർ ചാർട്ടർ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
Leave a Reply