ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് ചോറ് ഉൾപ്പെടുത്തണം. മലയാളി എവിടെയാണെങ്കിലും പിന്തുടരുന്ന ഭക്ഷണ ക്രമമാണ് ഇത്. ഇപ്പോഴും കഞ്ഞിയും പയറും ഇഷ്ട വിഭവങ്ങളാണ് എന്ന് പറയാൻ മടികാണിക്കാത്തവരാണ് പല യുകെ മലയാളികളും . യുകെ മലയാളികളിൽ ഭൂരിപക്ഷവും തങ്ങളുടെ 20 കളിലാണ് കുടിയേറിയത്. അതുകൊണ്ടുതന്നെ നാട്ടിൽ ശീലിച്ച അരി ആഹാരം പലർക്കും ഇപ്പോഴും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അരിയുടെ കയറ്റുമതി നിരോധനം യുകെയിലെ മലയാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. വാർത്ത അറിഞ്ഞതു മുതൽ ലസ്റ്റർ, ബർമിങ്ഹാം , കവന്ററി, യോർക്ക് ഷെയർ തുടങ്ങി യുകെ മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ മലയാളി കടകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ് രൂപപ്പെട്ടിരിക്കുന്നത്. കോവിഡിനോട് അനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധനങ്ങളുടെ ലഭ്യതയെ കുറിച്ച് കടുത്ത ആശങ്ക ഉടലെടുത്ത സമയത്തിന് സമാനമായ അവസ്ഥയാണ് പല സ്ഥലങ്ങളിലും . ഇപ്പോൾ തന്നെ മലയാളികൾ ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഉള്ളി, കറിവേപ്പില തുടങ്ങിയവയ്ക്ക് യുകെയിൽ തീപിടിച്ച വിലയാണ്. ഇങ്ങനെ പോയാൽ കേരളത്തിൽ പോയി വരുമ്പോൾ അരിയും കൊണ്ടു വരേണ്ടതായി വരുമല്ലോ എന്നാണ് ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. നിരോധനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനിരിക്കുന്നേയുള്ളൂവെന്നാണ് പല ഷോപ്പ് ഉടമകളും അഭിപ്രായപ്പെട്ടത്. ഉദാഹരണത്തിന് മട്ട അരി നിരോധനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ലോകമെങ്ങുമുള്ള ഇന്ത്യക്കാരായ പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേയ്ക്ക് അരിയുടെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തകൾ . കയറ്റുമതി നിരോധനത്തിലൂടെ ഇന്ത്യൻ വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കുകയും വില കുറയ്ക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബസുമതി ഇനത്തിൽപ്പെട്ടതല്ലാതുള്ള അരിയുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നിരോധിച്ചത്. ലോകത്തിലെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നായതു കാരണം അരിയുടെ കയറ്റുമതി നിരോധനം ലോകകമ്പോളത്തിൽ തന്നെ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.