രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2500 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 2549 ആയി ഉയര്‍ന്നു. 3722 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 78003 ആയി. നിലവില്‍ 49219 രോഗികളാണ് ചികില്‍സയിലുളളത്. 26235 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. ഇന്നലെ 1,495 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാംദിവസവും അൻപതിലധികം പേർ മരിച്ചു. കുതിച്ചുയർന്ന് ഭയപ്പെടുത്തുകയാണ് മഹാരാഷ്ട്രയുടെ കോവിഡ് ഗ്രാഫ്. കാൽലക്ഷവും കടന്ന് മുന്നോട്ട്. തുടർച്ചയായ എട്ടാം ദിവസമാണ് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 25,922 പേർക്ക് കോവിഡ്. 975 മരണം. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

മുംബൈ നഗരത്തിൽ മാത്രം കേസുകൾ 15,000 കടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ആയിരത്തിലധികം രോഗികൾ. 616 പേർക്ക് കോവിഡ് കണ്ടെത്തിയ മാലേഗാവിൽ മുൻസിപ്പൽ കമ്മീഷണർക്കും രോഗം സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥനകളിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിൻ യാത്രാ കൂലിയായി 54 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുവദിച്ചു.