ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക മത്സരം നടന്നുകൊണ്ടിരിക്കെ കാശ്മീരിന് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ബിസിസിഐയുടെ പരാതി. ഐസിസിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ബിസിസിഐ ഐസിസിക്ക് പരാതി നല്‍കിയത്.

ശനിയാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ആകാശത്ത് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളുമായി വിമാനങ്ങള്‍. രണ്ട് വിമാനങ്ങളാണ് സന്ദേശങ്ങളുമായി മത്സരം നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സ് മൂന്നാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ആദ്യത്തെ വിമാനം ഹെഡിങ്‌ലി സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്നായിരുന്നു മുദ്രാവാക്യം. രണ്ടാമത്തെ വിമാനം പ്രത്യക്ഷപ്പെട്ടത് 17-ാം ഓവറിലായിരുന്നു. ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം.

ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ വിമാനം സന്ദേശവുമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ സന്ദേശവുമായും വിമാനം പറന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്റേയും പാക്കിസ്ഥാന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.