ഇന്തോനീഷ്യയില്‍ 189 യാത്രക്കാരുമായി പോയ യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ്. ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം ഡൽഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലിൽ തകർന്നുവീണത്. പറന്നുയര്‍ന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.

2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടതായി വിവരമില്ലെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു. 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സീറ്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.