ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക് ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐഎസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.
കോവിഡ് ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.
തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.
Leave a Reply