ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷത്തിൽ ആദ്യമായി യുകെയിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തി. നിലവിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ ആണ് . ഇതിനു മുൻപ് പണപ്പെരുപ്പം 2.3 ശതമാനം ആയിരുന്നു. ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഒരു പ്രധാന ചർച്ചാവിഷയമാണ്.
എല്ലാ പ്രധാന പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ ജീവിത ചിലവ് കുറയ്ക്കുന്നതിന് വളരെ പ്രധാനം കൊടുത്തിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞത് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നേട്ടമാണ്. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ ഋഷി സുനക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു.
ഭക്ഷ്യ വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയ സാധനങ്ങളിൽ ഉണ്ടായ ഇടിവാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും പണപ്പെരുപ്പം കുറയുന്നതിനും കാരണമായത് . എന്നിരുന്നാലും പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 ൻ്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷണവിലയിൽ 25% കൂടുതലാണ്. നാളെ പലിശ നിരക്ക് സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായ ഏഴാമത്തെ പ്രാവശ്യവും മാറ്റമില്ലാതെ തുടരുന്ന യുകെയിലെ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . നിലവിലെ പലിശ നിരക്ക് ആയ 5.25 ശതമാനം 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കാണ്.
Leave a Reply