ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2021 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് പണപെരുപ്പം ഇപ്പോൾ . കണക്കുകൾ അനുസരിച്ച് മെയ് മാസത്തിൽ വിലകൾ 0.6% ആണ് ഉയർന്നത്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും മന്ദ ഗതിയിലുള്ള വിലക്കയറ്റമാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) ട്രേഡ് ബോഡിയുടെയും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ നീൽസെൻഐക്യുവിൻ്റെയും ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഭക്ഷ്യേതര ഉത്പന്നങ്ങളിലെ വില കുറവാണ് പണപെരുപ്പം കുറയുന്നതിന് കാരണമായിരിക്കുന്നത്. ഫർണിച്ചർ, ടിവി തുടങ്ങിയ ഗൃഹോപകരണ സാധനങ്ങളുടെ വിലയിൽ ഉണ്ടായ കുറവാണ് പ്രധാനമായും പണപ്പെരുപ്പം കുറച്ചത്. വിലക്കയറ്റം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.
ജീവിത ചിലവ് വർദ്ധനവും മോശം കാലാവസ്ഥ മൂലം ജനങ്ങൾ വിപണിയിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് ചില്ലറ വ്യാപാരികൾ ഫർണിച്ചറുകൾ, ടിവികൾ തുടങ്ങിയ സാധനങ്ങളുടെ വിലകുറച്ചതിനെ തുടർന്നാണ് പണപെരുപ്പം ഈ നിലയിലേയ്ക്ക് എത്തിയത്. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണപ്പെരുപ്പം കുറയുന്നത് മൂലം ഭരണപക്ഷത്തിന് ചെറിയ ആനുകൂല്യം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ജൂണിൽ നടക്കുന്ന അവലോകനത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയുന്നത് തിരഞ്ഞെടുപ്പിൽ ഋഷി സുനകിന് ആശ്വാസമായേക്കും.
Leave a Reply