ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കെയ്റ്റ് രാജകുമാരി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നത് ബ്രിട്ടനിൽ ഏറെ നാളുകളായി ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് തന്റെ ക്യാൻസർ ചികിത്സയെ സംബന്ധിച്ച് തുറന്നുപറയുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കെയ്റ്റ്. കാൻസർ രോഗനിർണയത്തിന് ശേഷം താൻ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് അവർ ഇതിലൂടെ വ്യക്തമാക്കുന്നു. കഠിനമായ രണ്ടു മാസങ്ങളാണ് കടന്നുപോയതെന്നും, എന്നാൽ താൻ ദിനംപ്രതി സുഖം പ്രാപിച്ചു വരികയാണെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ക്യാൻസറിനെ സംബന്ധിച്ച് പൂർണമായ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും, രാജകുമാരി ഉടൻതന്നെ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.
ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് താൻ വിധേയമാകുമ്പോൾ ക്യാൻസറിനെ സംബന്ധിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിലാണ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. അതിനാൽ പ്രതിരോധമായി കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ ടീം ഉപദേശിച്ചതായും ഇപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് തുറന്നു പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെയാണ് കെയ്റ്റിന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. എന്നാൽ എന്ത് തരം ക്യാൻസർ ആണെന്നതും മറ്റും സംബന്ധിച്ച സ്വകാര്യ മെഡിക്കൽ വിവരങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കില്ലെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.
ക്യാൻസർ ബാധിച്ച ഓരോരുത്തരെയും പറ്റിയും താൻ ചിന്തിക്കാറുണ്ടെന്നും, ഈ രോഗം നേരിടുന്നവരൊന്നും തന്നെ വിശ്വാസമോ പ്രതീക്ഷയോ നഷ്ടപ്പെടുത്തരുതെന്നും നിങ്ങൾ ആരും തന്നെ ഒറ്റക്കല്ലെന്നുമുള്ള ഉറപ്പ് കെയ്റ്റ് തന്റെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോട് എല്ലാം തന്നെ അവർക്ക് അനുയോജ്യമായ രീതിയിൽ വിശദീകരിക്കാനും തനിക്ക് എല്ലാം ശരിയാകുമെന്ന ഉറപ്പ് അവർക്ക് നൽകാൻ തങ്ങൾക്ക് കുറെ സമയം എടുത്തതായും കെയ്റ്റ് തുറന്നുപറയുന്നു. കെയ്റ്റിനൊപ്പം തന്നെ, എഴുപത്തഞ്ചുകാരനായ ചാൾസ് രാജാവും ക്യാൻസർ ചികിത്സയിലാണ്. തന്റെ രോഗവിവരം തുറന്നു പറയാനുള്ള കെയ്റ്റിന്റെ മനോധൈര്യത്തിൽ താൻ അഭിമാനിക്കുന്നതായി ചാൾസ് രാജാവും വ്യക്തമാക്കി. കെയ്റ്റിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റ്റിന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഉള്ള എല്ലാ ആശംസകളും ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്.
Leave a Reply