ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷന്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ നിര്‍ദേശം നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം.

ഈ വാദം തള്ളിയ കമ്മീഷന്‍ പക്ഷേ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടല്‍. നേരത്തേ ഇവര്‍ ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു മറുപടി. ഇതിനു ശേഷമാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.