ഷെറിൻ പി യോഹന്നാൻ
മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.
ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.
ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.
സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക് മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.
ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ് ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.
Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.
” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം
Leave a Reply