ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള ഫണ്ടുകൾ അനുവദിച്ചതിൽ വൻ വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പ് ഫണ്ടിംഗ് പ്ലാനുകൾ തെറ്റായി ആണ് കണക്കാക്കിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളുകൾ അടുത്ത അധ്യയന വർഷത്തേക്കുള്ള ബഡ്ജറ്റുകൾ വീണ്ടും തയ്യാറാക്കേണ്ടതായി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും സംഭവിച്ച പിഴവ് കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ ബഡ്ജറ്റ് തയ്യാറാക്കുന്ന അധ്യാപകരെ കടുത്ത നിരാശയിലാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ആസൂത്രണ പിഴവെന്ന് അധ്യാപക സംഘടനയുടെ നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും വകുപ്പ് മാപ്പ് പറയുകയും ചെയ്തു.


ഫണ്ട് അനുവദിച്ചതിലെ ആസൂത്രണ പിഴവിനെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. മൊത്തത്തിലുള്ള സ്കൂൾ ബഡ്ജറ്റിലെ വർദ്ധനവ് നേരിടുന്നതിന് ഗവൺമെൻറ് 370 മില്യൺ പൗണ്ട് കൂടി കണ്ടെത്തേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ . വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് ഏകദേശ ധാരണ സ്കൂളുകൾക്ക് മുൻകൂട്ടി തയ്യാറാക്കാനാവും. വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചതിൽ തെറ്റ് കയറിക്കൂടുന്നതിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്