ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ടീസ്, എസ്ക ആൻഡ് വെയർ വാലീസ് എൻ എച്ച് എസ് ഫൗണ്ടേഷൻെറ നടത്തിപ്പിൽ വന്ന പിഴവുകൾ അന്വേഷിക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു. ഡാർലിംഗ്ടണിൽ നടന്ന യോഗത്തിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ മരിച്ച രോഗികളുടെ കുടുംബങ്ങളോടാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ട്രസ്റ്റിന്റെ പരിചരണത്തിൽ ആത്മഹത്യ ചെയ്ത രോഗികളുടെ അസ്വാഭാവികമായ ഉയർന്ന നിരക്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ട്രസ്റ്റിന്റെ പരിചരണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 2019-ൽ മിഡിൽസ്ബ്രോയിലെ വെസ്റ്റ് ലെയിൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 17 വയസുകാരിയായ നദിയ ഷരീഫും ക്രിസ്റ്റി ഹാർനെറ്റും, 2020 ഫെബ്രുവരിയിൽ കൗണ്ടി ഡർഹാമിലെ ലാങ്കസ്റ്റർ റോഡ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന് ഒരു ആഴ്ചയ്ക്കകം മരണമടഞ്ഞ 18 കാരിയായ എമിലി മൂറും ഉൾപ്പെടുന്നു. “മാനസികാരോഗ്യപരിചരണം ലഭിക്കുന്ന എല്ലാവരും സുരക്ഷിതവും ഗൗരവമുള്ളതുമായ, മാന്യതയോടെയും ബഹുമാനത്തോടെയും കാണപ്പെടണം,” എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ഗൗരവപൂർവം തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് ട്രസ്റ്റിനെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും, ആവശ്യമായ ഗൗരവത്തോടെയല്ല അവ നടന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2024 ഏപ്രിലിൽ ട്രസ്റ്റിനെതിരെ രണ്ട് രോഗികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരിചരണ പിഴവുകൾക്കായി £215,000 പിഴയിട്ടിരുന്നു. സ്വന്തമായി പരിക്കേൽപ്പിക്കുന്ന രോഗികളെ സുരക്ഷിതമായി നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ ട്രസ്റ്റ് പരാജയപ്പെട്ടുവെന്ന് പരിചരണ ഗുണനിലവാര കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ പിഴ ചുമത്തിയത്.











Leave a Reply