ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യ :- റഷ്യൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും വ്ളാഡിമിർ പുടിനെ നീക്കി പകരം ഫെഡറൽ സർവീസ് മേധാവി അലക്സാണ്ടർ ബോർട്ട്നികോവ് ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത ഏറെയാണെന്നുള്ള ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തം ചാരന്മാരെ തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും, അതോടൊപ്പം തന്നെ സ്റ്റാലിൻ നടത്തിയ കൂട്ടക്കൊലകളെ പ്രശംസിക്കുകയും ചെയ്ത വ്യക്തിയാണ് അലക്സാണ്ടർ ബോർട്ട്നികോവ്. പുടിനെ സ്ഥാനത്തുനിന്നും നീക്കാനുള്ള എല്ലാവിധ പ്ലാനുകളും പുടിന്റെ വിശ്വസ്തർ തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പുടിനെ വിഷം ഉപയോഗിച്ചോ ആക്സിഡന്റിലൂടെയോ കൊല്ലാനുള്ള തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്. ഒരിക്കൽ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന അലക്സാണ്ടർ ബോർട്ട്നികോവിനെ ആണ് പുടിനു പകരമായി ഇവർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉക്രൈൻ യുദ്ധത്തോടെ റഷ്യക്ക് നഷ്ടമായ പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം വീണ്ടും പുനരാരംഭിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.
ഈ നീക്കത്തിൽ ഉൾപ്പെട്ടവർ എല്ലാം തന്നെ രാജ്യത്തെ ഉന്നതശ്രേണിയിൽ പെടുന്ന രാഷ്ട്രീയനേതാക്കളും ബിസിനസ് ഉടമകളും മറ്റുമാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ റഷ്യൻ ഫെഡറൽ സർവീസ് മേധാവിയായ അലക്സാണ്ടർ രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരം ഉള്ള ഒരാൾ തന്നെയാണ്. മുൻപ് പുടിനെ പോലെ തന്നെ സോവിയറ്റ് യൂണിയൻ കാലത്ത് റഷ്യൻ സെക്യൂരിറ്റി ഏജൻസിയായ കെ ജി ബി ഓഫീസറായിരുന്നു അലക്സാണ്ടർ. എഫ് എസ് ബി യുടെ തലപ്പത്ത് എത്തിയ ശേഷം അലക്സാണ്ടർ അതിനെ പൂർണമായ രീതിയിൽ പൊളിച്ചെഴുതിയതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും കൂടുതൽ അധികാരമുള്ള ഒരു ഏജൻസിയായി എഫ് എസ് ബി മാറിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ റഷ്യയുടെ ഇക്കണോമിക് സെക്യൂരിറ്റി സർവീസിന് മേധാവിയായും അലക്സാണ്ടർ പ്രവർത്തിച്ചുവരുന്നുണ്ട്. ആർമി ജനറൽ പദവിയുള്ള റഷ്യയിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അലക്സാണ്ടർ.
2006 ൽ പുടിന്റെ വിമർശകനായ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ കൊലപാതകത്തിലും ബോർട്ട്നിക്കോവിനു പങ്കുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സ്റ്റാലിന്റെ കടുത്ത ആരാധകനുമാണ് ബോർട്ട്നികോവ്. പുടിന്റെ വിശ്വസ്തർ തന്നെയാണ് ബോർട്ട്നികോവിനെ പകരക്കാരനായി കണ്ടെത്തിയത് എന്നാണ് ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Leave a Reply