ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഒരു മാസം മുൻപ്, ഒരുപക്ഷേ ആരും തന്നെ ജെയ് സ്ലേറ്റർ എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ജെയ് സ്ലേറ്റർ എന്ന കൗമാരക്കാരനാണ്. സ്പെയിനിലെ കാനറി ദ്വീപിലെ ടെനെറിഫിൽ മാതാപിതാക്കൾ ഇല്ലാതെ ആദ്യമായി അവധിക്കാലത്ത് എത്തിയ ഒരു പത്തൊമ്പതുകാരനായിരുന്നു ജെയ് സ്ലേറ്റർ. ജൂൺ 17നാണ് ടെനെറിഫിൽ ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ ജെയ് സ്ലേറ്ററിനെ കാണാതാകുന്നത്.
ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് ജെയ്യുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റു രണ്ടു ബ്രിട്ടീഷുകാരോട് ഒപ്പം സ്പാനിഷ് ദ്വീപിലെ നൈറ്റ് ലൈഫിൻ്റെ ഹൃദയമായ പ്ലേയ ഡി ലാസ് അമേരിക്കസിൽ നിന്നും കാറിലാണ് ജെയ് മസ്ക എന്ന ഗ്രാമത്തിൽ എത്തുന്നത്. അവിടെ ഒരു എയർബിഎൻബിയിലായിരുന്നു ജെയ് താമസിച്ചിരുന്നതെന്ന് രാവിലെ ഏഴരയ്ക്ക് സ്നാപ്പ് ചാറ്റിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം വ്യക്തമാക്കുന്നുണ്ട്. ജൂൺ 17ന് രാത്രി വരെ ജെയ് അവിടെ താമസിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നീട് രാത്രിയുടെ ജെയ്യുടെ സുഹൃത്തിന് ലഭിച്ച കോളിൽ തന്റെ ഫോണിന്റെ ബാറ്ററി ചാർജ് തീരാറായിയെന്നും തനിക്ക് വഴി തെറ്റിയതായും ജെയ് പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. എങ്ങനെയാണ് പിന്നീട് ജെയ് മലനിരകളിലേക്ക് എത്തിയതെന്നും അവിടെ അപകടകരമായ സ്ഥലത്ത് വീണ് മരണപ്പെട്ടതെന്നും ആർക്കും തന്നെ വ്യക്തമായ ധാരണയില്ല.
അത്തരത്തിലുള്ള അപകടകരമായ സ്ഥലത്തേക്ക് എന്തുകൊണ്ട് ജെയ് പോയി എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല. ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് തിരച്ചിൽ നടന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും മലയിടക്കുകളും ധാരാളമുള്ള പ്രദേശത്താണ് ജെയ്യെ കാണാതായത്. മാഡ്രിഡിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് സ്‌നിഫർ ഡോഗ് ടീമുകളും ഹെലികോപ്റ്റർ സംഘങ്ങളും പരുക്കൻ ഭൂപ്രദേശങ്ങൾ പരിശോധിക്കുന്ന ഡ്രോണുകളുമെല്ലാം ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയ മൃതദേഹം വിരലടയാള പരിശോധനയിലൂടെയാണ് ജെയ്യുടേതാണെന്ന് ഉറപ്പ് വരുത്തിയത്. ജെയ്യുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ച സ്ഥലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ പരിശോധന സമയത്ത് ആവശ്യമായ കൈത്താങ്ങലുകൾ സ്പാനിഷ് പോലീസ് നൽകിയില്ലെന്ന കുറ്റപ്പെടുത്തൽ കുടുംബം ഉയർത്തുന്നുണ്ട്. അതോടൊപ്പം തന്നെ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉടനീളം നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
Leave a Reply