ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നിനാണ് യുകെ കഴിഞ്ഞ ദിവസങ്ങിൽ സാക്ഷ്യം വഹിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗും സർക്കാരും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരുടെ ശമ്പള വർദ്ധനവിന് സർക്കാർ അംഗീകാരം ലഭിച്ചത്. ഇതിന് പിന്നാലെ സമരത്തിന്റ് യഥാർത്ഥ പിന്നാമ്പുറ കഥകൾ പുറത്ത് വിട്ടിരിക്കുകയാണ് ബിബിസി. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ പ്രതിഷേധത്തിനിറങ്ങിയ നേഴ്‌സുമാരുടെ വാക്ക് ഔട്ടുകൾ രോഗികളെ വലയ്ക്കുന്നെന്ന് മന്ത്രിമാർ വിമർശിച്ചിരുന്നു. എന്നാലിതിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.

നേഴ്‌സുമാരുടെ സമരത്തിൻെറ തീരശീലയ്ക്ക് പിന്നിലെ കാര്യങ്ങൾ വെളുപ്പെടുത്തുന്നതായിരുന്നു ബിബിസിയുടെ റിപ്പോർട്ട്. നേഴ്‌സിംഗ് യൂണിയനും മന്ത്രിമാരും തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരി ആദ്യം മുതൽ ശമ്പള വർധനവിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നേഴ്‌സുമാരുടെ യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് (ആർസിഎൻ) ഒരു അനൗദ്യോഗിക സ്രോതസിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ ഈ അനൗദ്യോഗിക സ്രോതസിനെ എത്രമാത്രം വിശ്വസിക്കാം എന്നതിൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് സംശയം ഉണ്ടായിരുന്നു. ഫെബ്രുവരി 21 ന് ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലേക്കുള്ള കോളിൽ ഈ സംശയങ്ങൾ എല്ലാം മാറി. നേഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടെയുള്ളവ സ്വാഗതം ചെയ്തുകൊണ്ടുള്ള ചർച്ചകൾക്കുള്ള ക്ഷണനം ആയിരുന്നു അത്. ഇത് പ്രധാന മന്ത്രിയുടെ നിലപാട് മാറ്റത്തിൻെറ സൂചന കൂടിയായിരുന്നു. ചർച്ചയ്ക്കുള്ള ക്ഷണത്തിന് പിന്നാലെ പണിമുടക്കുകൾ പിൻവലിക്കാൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് നിർബന്ധിതരായി. ഇതിനു പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് നേഴ്‌സുമാർ, പാരാമെഡിക്കുകൾ, മിഡ്‌വൈഫ്‌മാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവർക്ക് കഴിഞ്ഞ വ്യാഴാഴ്ച പുതിയ ശമ്പള ഓഫറുകൾ ലഭിച്ചത്.

ഈ ചർച്ചകളിൽ ഒക്കെ തന്നെ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മാത്രമാണ് ക്ഷണിക്കപ്പെട്ടത്. ഇത് മറ്റ് ആരോഗ്യ യൂണിയനുകളിൽ അസ്വാരസ്യം സൃഷ്‌ടിച്ചിരുന്നു. ജനപിന്തുണ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നേഴ്‌സുമാരുടെ സംഘടനയ്ക്ക് ബോധപൂർവം ശ്രദ്ധ നൽകിയതെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളനും മിക്ക മാധ്യമങ്ങളിലും ഉയർന്ന പ്രൊഫൈൽ ലഭിച്ചിരുന്നു. മന്ത്രിമാരുമായുള്ള റോയൽ കോളേജ് ഓഫ് നഴ്‌സിംഗിൻെറ ചർച്ചകൾ രഹസ്യമായി തന്നെയാണ് തുടരുന്നത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ചർച്ച നടത്തിയ സ്ഥലം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല