അനധികൃത പ്രൈവറ്റ് ലെന്‍ഡിംഗ് പ്രോപ്പര്‍ട്ടി 35 പേര്‍ക്ക് കീഴ് വാടകയ്ക്ക് നല്‍കിയയാള്‍ക്ക് ജയില്‍. ഇലീ ഫ്‌ളോറിന്‍ ഡ്രാഗൂസിന്‍ എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്‌സ്ബറിയിലെ ത്രീ ബെഡ്‌റൂം പ്രോപ്പര്‍ട്ടിയാണ് ഇയാള്‍ 35 പേര്‍ക്കായി നല്‍കിയത്. അനധികൃതമായി കെട്ടിടം വാടകയ്ക്ക് നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്. അനധികൃത പ്രൈവറ്റ് റെന്റല്‍ വാടകയ്‌ക്കെടുത്ത മൂന്നു പേരില്‍ പ്രധാനിയാണ് ഇയാള്‍. ആളുകളെ മുറിയില്‍ കുത്തി നിറയ്ക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ വാടകക്കാരുടെ സാധനങ്ങള്‍ ഇയാള്‍ പുറത്തെറിയുക പതിവായിരുന്നു.

പ്രോപ്പര്‍ട്ടിക്ക് രൂപമാറ്റം വരുത്തരുതെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ നാല് മുന്നറിയിപ്പുകള്‍ ഇയാള്‍ അവഗണിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വാടകക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇയാള്‍ക്കുള്ള ശിക്ഷയെന്ന് ബ്രെന്റ് കൗണ്‍സില്‍ ഹൗസിംഗ് ചീഫ് എലനോര്‍ സൗത്ത് വുഡ് ചൂണ്ടിക്കാട്ടി. പ്രൈവറ്റ് റെന്റലുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അത്യാഗ്രഹികളായ ലാന്‍ഡ് ലോര്‍ഡ്‌സ്, സബ് ലെറ്റേഴ്‌സ്, ഏജന്റുമാര്‍ എന്നിവരുടെ ചൂഷണങ്ങളില്‍ നിന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സൗത്ത് വുഡ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഒരു മുറിയില്‍ മാത്രം എട്ടുപേര്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡ്രാഗൂസിന് 29,000 പൗണ്ട് പിഴയിട്ടിരുന്നതാണ്. അടുക്കളയുള്‍പ്പെടെ എല്ലാ മുറികളിലും മെത്തകള്‍ കണ്ടെത്തി. ബാക്ക് ഗാര്‍ഡനില്‍ ഒരു കാനോപ്പിക്ക് കീഴിലും താമസ സൗകര്യമൊരുക്കിയിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.